Friday 9 March 2012

ജാതകപ്പൊരുത്തം

ഒരു സുപ്രഭാതത്തിലാണ് അയാള്‍ അങ്ങനെ ഒരു തീരുമാനത്തിലെത്തിയത്. അതെ വിവാഹം കഴിക്കാന്‍. ആ തീരുമാനത്തിനു ശേഷം പിന്നെ അയാള്‍ എപ്പോഴും പൊരുത്തം നോക്കുവാന്‍ ജോത്സ്യരുടെ വീട്ടിലെ പതിവ് സന്ദര്‍ശകനായി.

പാപസാമ്യമുണ്ടായിരുന്നതുകൊണ്ട് ഒട്ടുമിക്ക തലക്കുറിയും അയാളുടെ തലക്കുറിയുമായി പൊരുത്തപ്പെടാതെ അകലം പാലിച്ചു നിന്നു. അയാള്‍ എന്നും ചെല്ലുമ്പോള്‍ ജോത്സ്യരുടെ മകളാണ് കോളിംഗ് ബെല്‍ അടിക്കുമ്പോള്‍ ചിരിച്ചു കോണ്ട് വാതില്‍ തുറന്നിരുന്നത്. എപ്പോഴും കാണുന്ന മുഖമായിരുന്നതിനാല്‍ സുന്ദരിയായ ആ പെണ്‍കുട്ടി അയാള്‍ക്കു വേണ്ടി ഒരു പുഞ്ചിരി എപ്പോഴും കരുതി വച്ചിരുന്നു. എന്നും പൊരുത്തപ്പെടാത്ത ജാതക കുറിപ്പുകളുമായി അയാള്‍ അച്ഛന്റെ മുറിയില്‍ നിന്നും നിരാശനായി ഇറങ്ങിപ്പോകുന്നത് അവള്‍ വിഷമത്തോടെ നോക്കി നിന്നു. എങ്ങനെയോ അവള്‍ അയാളെ ഇഷ്ടപ്പെടാന്‍ തുടങ്ങി. അങ്ങനെ പൊരുത്തമുള്ള രണ്ടു മനസുകള്‍ തമ്മില്‍ അടുത്തു.

ഓരോ ദിവസവും ജാതകക്കുറിപ്പുമായി വരുന്ന അയാളുടെ ആഗമനത്തിനായി വഴിക്കണ്ണുമായി അവള്‍ കാത്തിരുന്നു. ഈ ജാതകവും തലക്കുറിയും കണ്ടെത്തിയവരെ അവള്‍ മനസാ സ്തുതിച്ചു . കണ്ണെഴുതി പൊട്ടും തൊട്ട് ഈറന്‍ മുടിയില്‍ തുളസിക്കതിരും ചാര്‍ത്തി കാത്തിരിപ്പിനൊടുവില്‍ ഒരു ദിവസം യാതൊരു പൊരുത്തങ്ങളും പാപസാമ്യങ്ങളും നോക്കാതെ അവര്‍ തമ്മില്‍ രജിസ്റ്റര്‍ വിവാഹം നടത്തി. പൊരുത്തമുള്ള ജീവിതം തുടങ്ങി . ഇതില്‍ പൊരുത്തപ്പെടാതെ ജോത്സ്യന്‍ തന്റെ വാതിലുകള്‍ അവര്‍ക്കു മുന്‍പില്‍ കൊട്ടിയടച്ചു.

എങ്കിലും മനസ്സുകള്‍ തമ്മില്‍ നല്ല പൊരുത്തമുള്ള അവര്‍ ഇണക്കിളികളേപ്പോലെ പൊരുത്തപ്പെട്ടു. സന്തോഷത്തോടെ ഒരേ ലക്ഷ്യത്തിലേക്ക് ഒരേ മനസോടെ മുന്നോട്ടു പറന്നു.

11 comments:

  1. പുഴ വെബ്‌സൈറ്റ് മാഗസിനില്‍ പ്രസിദ്ധീകരിച്ച ഒരു നര്‍മ്മകഥ ചേര്‍ക്കുന്നു.

    ReplyDelete
  2. "പൊരുത്തമുള്ള ജീവിതം തുടങ്ങി . ഇതില്‍ പൊരുത്തപ്പെടാതെ ജോത്സ്യന്‍ തന്റെ വാതിലുകള്‍ അവര്‍ക്കു മുന്‍പില്‍ കൊട്ടിയടച്ചു.
    എങ്കിലും മനസ്സുകള്‍ തമ്മില്‍ നല്ല പൊരുത്തമുള്ള അവര്‍ ഇണക്കിളികളേപ്പോലെ പൊരുത്തപ്പെട്ടു."

    :))

    ReplyDelete
  3. പൊരുത്തപെടാത്തത് മനസ്സുകൾക്ക് മാത്രം.

    ReplyDelete
  4. കഥയുമായി നല്ല മനപ്പൊരുത്തം അനുഭവപ്പെട്ടു

    ReplyDelete
  5. മനപോരുത്തമാണ് ഏറ്റവും വലിയ പൊരുത്തം !!!!!

    ReplyDelete
  6. പണ്ട് ഒരു മുദ്രാവാക്യം വിളിച്ചത് ഓര്‍മ്മ വരുന്നു - ജാതകമെന്നത് പാതകമത്രെ!

    ReplyDelete
  7. കഥ നന്നായിരിക്കുന്നു. ഒപ്പമുള്ള വര അതിനേക്കാള്‍ നല്ലത്.

    ReplyDelete
  8. മനപ്പൊരുത്തം!
    ഇഷ്ടമായി

    ReplyDelete
  9. അപ്പോൽ കാർട്ടൂണിൽ മാത്രമല്ല കഥയിലും നല്ല ക്രാഫ്റ്റുള്ള ആളാണെല്ലേ ഭായ്

    ReplyDelete